10:52pm 08 September 2026
NEWS
ആലപ്പുഴയിൽ കോൺഗ്രസിൽ കൂട്ടരാജി
18/03/2026  04:42 PM IST
nila
ആലപ്പുഴയിൽ കോൺഗ്രസിൽ കൂട്ടരാജി

ആലപ്പുഴ ജില്ലയിലെ കോൺഗ്രസിൽ കൂട്ടരാജി. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകിയെന്നാരോപിച്ചാണ് നേതാക്കളും പ്രവർത്തകരും രാജിവെച്ചത്.  കോൺഗ്രസ് നേതാവ് സജി ജോസഫ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

കുട്ടനാട്ടിലെ ജനങ്ങൾ കഴിഞ്ഞ കാലങ്ങളിലെ തെറ്റുകൾ തിരുത്തുമെന്നും ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ താൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോൾ സജി ജോസഫ് വികാരാധീനനായി. കോൺഗ്രസ് പ്രസ്ഥാനവുമായി തനിക്കുള്ള ബന്ധം കണ്ണീരോടെയാണ് അദ്ദേഹം വിശദീകരിച്ചത്. ജനിച്ച നാളുമുതൽ പ്രവർത്തിച്ച പ്രസ്ഥാനമാണിത്. എന്നും വലിയ ത്യാഗങ്ങൾ സഹിച്ചാണ് താൻ ഇവിടെ നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്ഥാനത്തെയും നേതാക്കളെയും വിമർശിക്കാൻ തനിക്ക് മനസില്ലെന്നും, എന്നാൽ കുട്ടനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാൻ വേണ്ടിയാണ് മത്സരിക്കാനിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികമായി ശക്തരായ രണ്ട് ശക്തികൾക്കെതിരെയാണ് തന്റെ പോരാട്ടമെന്നും, പ്രചാരണത്തിനായി സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നോടൊപ്പം നിരവധി പ്രവർത്തകരും പാർട്ടി വിടുമെന്ന് സജി ജോസഫ് അവകാശപ്പെട്ടു. മത്സരത്തിൽ നിന്ന് പിന്മാറാൻ യാതൊരു സാധ്യതയുമില്ലെന്നും, ഇതുവരെ മുതിർന്ന നേതാക്കൾ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ സാധാരണ ജനങ്ങൾ മുഴുവൻ തന്റെ കൂടെയുണ്ടെന്ന ആത്മവിശ്വാസവും സജി ജോസഫ് പ്രകടിപ്പിച്ചു. 

കോൺഗ്രസിൽ നിന്ന് വിട്ടുനിൽക്കുന്നത് വേദനാജനകമാണെങ്കിലും ഇന്ന് തന്നെ രാജിക്കത്ത് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിൽ കുട്ടനാട് മണ്ഡലത്തിൽ യുഡിഎഫിന് ശക്തമായ വെല്ലുവിളി ഉയർന്നിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img